വിദ്യാഭ്യാസം, മൂല്യാവബോധത്തിന്റെ മുഖവുര
വിദ്യാഭ്യാസം, വ്യക്തിവികാസത്തിന്റെ വഴികാട്ടി. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് നിസ്തുലമാണ് ഒരു വ്യക്തിയിലെ മുല്യങ്ങളും കഴിവുകളും പരിപോഷിപ്പിക്കാനും സാമൂഹ്യവളര്‍ച്ചയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനും സാധിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് നിസ്സംശയം ഉറപ്പിച്ചു പറയാം. ആര്‍ഷഭാരതപൈതൃകം തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നുണ്ട്. വിദ്യ ആര്‍ജിക്കുക എന്നത് വളരെ മഹത്തായ ഒരു കാര്യമായി പൗരാണിക കാലംമുതലേ കണ്ടിരുന്നു.
ഒരു വ്യക്തിയില്‍ രൂഢമൂലമായ കഴിവുകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സ്വഭാവരൂപവത്കരണത്തിനും മൂല്യബോധത്തിലേക്കും സാമൂഹികാവബോധത്തിലേക്കും വ്യക്തിയെ വളര്‍ത്താനും മഹനീയാശയങ്ങളുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് ചെറുതല്ല. 'ഒരു സ്‌കൂള്‍ തുറക്കുന്നതാരാണോ അയാള്‍ ഒരു ജയില്‍ അടയ്ക്കുകയാണ്' എന്ന വിക്ടര്‍ഹ്യൂഗോയുടെ വാക്കുകള്‍ വിദ്യാഭ്യാസം ഒരു വ്യക്തിയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്. ഇന്നത്തെ വിദ്യാര്‍ഥികളാണ് നാളത്തെ പൗരന്മാര്‍. ഒരു രാജ്യത്തിന്റെ തന്നെ വളര്‍ച്ചയ്ക്ക് നിദാനം വിദ്യാര്‍ഥികളാണ്. വികസനത്തിന്റെ വെന്നിക്കൊടി പാറിക്കേണ്ടത്, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കേണ്ടത് ഓരോ വിദ്യാര്‍ഥികളുമാണ്. ദേശാവബോധത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ആവശ്യകത വിദ്യാഭ്യാസത്തിലൂടെയാണ് ഒരു വ്യക്തിയില്‍ മുളപൊട്ടുന്നത്.
ഔപചാരികം, അനൗപചാരികം , അര്‍ദ്ധഔപചാരികം എന്നിങ്ങനെ മൂന്നു വിധത്തിലാണ് ഒരു കുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുന്നത്. മാതൃത്വത്തിന്റെ മഹനീയാശയങ്ങളിലൂടെയും കുടുംബാന്തരീക്ഷങ്ങളിലൂടെയും അനൗപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കുമ്പോള്‍ വിദ്യാലയങ്ങളും കോളേജുകളും ഔപചാരിക വിദ്യാഭ്യാസത്തിന്റെ വേദിയായി മാറുന്നു. അര്‍ദ്ധ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലം വായനശാലകള്‍ തന്നെയാണ.് വിദ്യാഭ്യാസത്തെ അതിന്റെ സമുന്നതിയിലെത്തിക്കാന്‍ ഗ്രന്ഥശാലാപ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. പ്രകൃതിയെ അടുത്തറിയാനും സമൂഹത്തെ ആഴത്തില്‍ മനസ്സിലാക്കാനും അതിലൂടെയെല്ലാം അറിവു നേടാനും നമുക്കു കഴിയുന്ന ഓരോ അനുഭവവും ഒരു പാഠമാക്കാന്‍ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ അന്ത:സത്തഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്ന് നമുക്ക് അവകാശപ്പെടാന്‍ സാധിക്കൂ.
ആധുനിക സമൂഹത്തില്‍ വിദ്യാഭ്യാസം വാണിജ്യവല്‍ക്കപ്പെട്ടിരിക്കുന്നു. വ്യക്തിത്വവികാസത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വിദ്യാഭ്യാസം അഴിമതിയുടെ വേരുകളാല്‍ ബന്ധിതമായിരിക്കുന്നു. സ്വാശ്രയവിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥലക്ഷ്യങ്ങളെ തച്ചുടച്ച്, സമ്പന്നവര്‍ഗ്ഗത്തിന്റെ കുത്തകയാക്കി ഉന്നതവിദ്യാഭ്യാസത്തെ തീര്‍ത്തിരിക്കുന്നു. ധനമോഹത്താല്‍ വിദ്യാഭ്യാസപ്രക്രിയയെ നിയന്ത്രിക്കുന്നു. സ്വാശ്രയമേഖലയിലെ വ്യക്തികള്‍ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്കും അരാജത്വത്തിലേക്കുമാണ് നയിക്കുന്നതെന്നതില്‍ സംശയമില്ല.
വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥലക്ഷ്യങ്ങളില്‍ നിന്നും വിഭിന്നമായി ആധുനികകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് മാനസികസംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുന്നു എന്നത് ദു:ഖസത്യമാണ്. ട്യൂഷന്‍ ഭ്രമവും മത്സരബുദ്ധിയും മറ്റും വിദ്യാര്‍ത്ഥികളെ സംഘര്‍ഷാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. ഡോക്ടറും എഞ്ചിനീയറുമാക്കി മാറ്റാന്‍ രക്ഷിതാക്കള്‍ ധൃതി കൂട്ടുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ തനതുകഴിവുകളും ലക്ഷ്യങ്ങളും തച്ചുടയ്ക്കപ്പെടുകയാണ്. ഇതാണോ വിദ്യാഭ്യാസം? വികാരങ്ങളുടെയും കഴിവുകളുടേയും വൃത്തപ്പെടുത്തലാണോ വിദ്യാഭ്യാസം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മാറുന്ന കാലത്തിനൊപ്പം, പരിഷ്‌കൃത സമൂഹത്തിന്റെ കപടമുഖങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ വികൃതമാക്കുമ്പോള്‍ യാഥാര്‍ത്ഥ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ നമുക്കു സാധിക്കണം. മാര്‍ക്കും റാങ്കുമല്ല മൂല്യാവബോധമുള്ള ഒരു സമൂഹമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസത്തിന്റെ മഹനീയ സംഭാവനയെന്ന വലിയസത്യം നാം വിസ്മരിക്കരുത്.
ലേഖിക: ഗലീലിയ. ജി
Comments
Post a Comment