ഫാസിസം മറയ്ക്കുന്ന കാഴ്ച്ചകൾ
വിഖ്യാത സംവിധായകൻ ക്വന്റൻ ടൊറന്റീനോവിന്റെ "ഇൻഗ്ലോറിയസ് ബസ്റ്റാർഡ്" സിനിമയിൽ നാസി ഭരണാധികാരികളെ വകവരുത്താൻ സ്വന്തം സിനിമാ തിയേറ്റർ കത്തിക്കുന്ന സോസന്ന എന്ന ജൂത പെൺകുട്ടിയുടെ പ്രതികാര കഥയുണ്ട്. ഹിറ്റ്ലർ ഭരണകൂടത്തിന്റെ സ്തുതി പാടുന്ന സിനിമകൾ ഗീബൽസിന്റെ നേതൃത്വത്തിൽ ഇറക്കിക്കൊണ്ടിരിക്കുന്ന അക്കാലത്ത് അത്തരമൊരു സിനിമയുടെ പ്രദർശനത്തിനായി തിയേറ്റർ വിട്ടുകൊടുത്ത് കുടുംബത്തെ ഉന്മൂലനം ചെയ്തവരോട് പക പോക്കാനായിരുന്നു സോസന്നയുടെ ശ്രമം.തീർച്ചയായും ഫാസിസത്തിന്റെ ഒന്നാം ഘട്ടം ഇതായിരിക്കില്ല. സർഗാത്മകതയെ കൂച്ചുവിലങ്ങിടുക എന്നതാണ് അതിന്റെ ആദ്യഘട്ടം. സ്തുതി ഗീതങ്ങൾ പാടുന്ന സൃഷ്ടികൾ പിന്നീടാണ് വന്ന് തുടങ്ങുക. ഇന്ത്യയിൽ മേൽപ്പറഞ്ഞ ആദ്യഘട്ടം വന്നുതുടങ്ങിയോ എന്ന് സംശയത്തക്ക സംഭവങ്ങൾ കുറേക്കൂടി തുടർച്ചയോട്കൂടി കണ്ടു തുടങ്ങിയിരിക്കുന്നു.മെർസലും സെക്സി ദുർഗയും റാണി പത്മാവതിയും അത്തരം കാഴ്ച്ചകളുടെ ഉദാഹരണങ്ങളാണ്.
വർത്തമാന കാലത്തിന്റെ പ്രതിബിംബങ്ങളായി അവതരിക്കപ്പെടുന്ന കലാസൃഷ്ടികൾ ഭരണകൂടങ്ങളുടെ എന്നത്തേയും പേടി സ്വപ്നങ്ങളാണ്; മതമൗലികവാദികളുടെയും. സ്വാതന്ത്രാനന്തര ഇന്ത്യയിൽ എഴുപതുകൾക്കിപ്പുറത്തെ ചരിത്രം പരിശോധിച്ചാൽ ആദ്യം ഓർമ്മ വരുന്ന സിനിമ അമൃത് നഹാതയുടെ 'കിസ്സാ കുർസി കാ' ആയിരിക്കും. ഇന്ദിരാ ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽ അവതരിപ്പിച്ച സിനിമയുടെ പ്രിന്റുകൾ മുഴുവൻ അടിയന്തിരാവസ്ഥാ കാലത്ത് നശിപ്പിക്കപ്പെടുകയായിരുന്നു. (1978-ലാണ് ആ സിനിമ ഇറങ്ങിയത്) സമാനമായ വിധി നേരിട്ട മറ്റൊരു ചിത്രമായിരുന്നു ഗുൽസാറിന്റെ ആഗ്നി. ജനതാപ്പാർട്ടി അധികാരത്തിൽ വന്നപ്പോഴേ അതിനും വെള്ളിത്തിര കണാൻ കഴിഞ്ഞുള്ളു.
1980-കൾ താരതമ്യേന സമാധാനപരമായി കടന്നുപോയ വർഷങ്ങളായിരുന്നു. സിനിമ രംഗത്ത് ഭരണകൂടത്തിന്റെ ശ്രദ്ധേയമായ കൈകടത്തൽ പിന്നീടുണ്ടാവുന്നത് 1993-ലാണ് ഭയാനകമായ നൈരന്തര്യവും കാമ്പില്ലാത്ത വിമർശനങ്ങളുമാണ്. അതിലേറെ ഭയം ജനിപ്പിക്കുന്നതാണ് അത്തരം വികലതകൾക്കുനേരെ കണ്ണടച്ചും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചും ഭരണകൂടം നടത്തുന്ന ഇടപെടലുകൾ. സെക്സി ദുർഗ എന്ന സിനിമയിൽ ഹൈന്ദവതയെ പരാമർശിക്കുന്ന, അല്ലങ്കിൽ ഹിന്ദുമതത്തിന്റെ 'മൊത്തക്കച്ചവടക്കാർക്ക്' അലോരസമുണ്ടാക്കുന്ന ഒന്നും തന്നെ പ്രമേയപരമായി ഇല്ല. എങ്കിലും ദുർഗ എന്ന പേരുമായി 'സെക്സി' എന്ന് ചേർക്കാൻ പാടില്ല എന്നാണ് ഈ രാഷ്ട്രീയ മുതലെടുപ്പുകാരുടെ തിട്ടൂരം. 'സെക്സി ആയിഷ, സെക്സി മേരി എന്നിങ്ങനെയുള്ള പേരുകൾ ഇടാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?' എന്ന മറു ചോദ്യവുമുണ്ട്.
ഒരു ചിത്രത്തിന് പേരിടാൻ പോലും ഭരണകക്ഷിയുടെ വർഗ്ഗിയ കോമരങ്ങളുടെ സാക്ഷ്യപ്പെടുത്തൽ വേണ്ടി വരുന്നു എന്നത് 'ന്യൂ ഇന്ത്യ' എന്ന് അഹോരാത്രം പ്രസംഗിച്ചു നടക്കുന്ന പ്രധാന മന്ത്രിയുടെ വാക്കുകളുടെ പൊള്ളത്തരത്തിലേക്കും കൂടി വിരൽ ചൂണ്ടുന്നുണ്ട്.
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് 1993-ൽ പുറത്തിറങ്ങാനിരുന്ന ആർ.കെ ശെൽവമണിയുടെ 'കുറ്റപത്രികൈ' എന്ന തമിഴ് സിനിമക്ക് പക്ഷേ ഭരണകൂടത്തിന്റെ ഇടപെടൽ മൂലം വെളിച്ചം കാണാൻ 14 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. എന്നാൽ പാർഥേ സൻ ഘോഷിന്റെ 'ഹവാ ആനെ ദെ' എന്ന സിനിമ (2004) ഇന്നും ഇന്ത്യൻ പ്രേഷകർക്ക് മുന്നിൽ എത്തിയിട്ടില്ല-വർഗ്ഗീയ സംഘർഷങ്ങൾക്ക് ഇടയാകും എന്ന വിചിത്ര വാദം ഉന്നയിച്ച് സെൻസർ ബോർഡ് ആവശ്യപ്പെട്ട കട്ടുകൾ ഏർപ്പെടുത്താൻ സംവിധായകൻ തയ്യാറാവാത്തത് കൊണ്ട്.
2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട 'ഫൈനൽ സൊലൂഷൻ' പോലുള്ള ഡോകുമെന്ററികളടക്കം ഇനിയും സമാന സംഭവങ്ങൾ ചികഞ്ഞെടുക്കുവാൻ കഴിയും. എന്നാൽ 2014- ന് ഇപ്പുറം കലാകാരൻമാർക്ക് എതിരെയുള്ള ആക്രോശങ്ങൾക്കും വിലക്കുകൾക്കും പ്രധാന്യം വർധിക്കുവാനുള്ള പ്രധാന കാരണം അത്തരം സംഭവങ്ങളിലെ അതിലും വിചിത്രമാണ് റാണി പത്മാവതി സിനിമയുമായി ബന്ധപ്പെട്ട് നടന്ന/നടക്കുന്ന സംഭവങ്ങൾ. രജപുത്രന്മാരുട സ്വാഭിമാനത്തിന്റെ വക്താക്കളായി ചമഞ്ഞു നടക്കുന്ന ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ കയ്യിലെ ആയുധമായി ഈ സിനിമ മാറിയിരിക്കുന്നത് കേവലം ഊഹാപോഹങ്ങളിലൂടെയാണ്.'സിനിമയിൽ അലാവുദ്ധീൻ ബിൽജിയുടേയും റാണി പത്മാവതിയുടെയും പ്രണയ രംഗങ്ങളുണ്ട് എന്ന് വസ്തുതാ വിരുദ്ധമായി പ്രചരിപ്പിക്കുക. ഒരു ജനസമൂഹത്തെ ഒന്നടങ്കം പ്രകോപിപ്പിക്കുക. ഭരണകൂടത്തിന്റെ പിന്തുണയോടെ സർവ്വ വിധ ആക്രമണങ്ങളും വധഭീഷണികളും ' നടത്തുക. അങ്ങനെ ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിച്ച് കലാസൃഷ്ടിയെ ഇരുട്ടിൽ അടക്കുക എന്ന തീർത്തും ഫാസിസ്റ്റ് നിർവചനത്തിൽ അധിഷ്ഠിതമായ പേക്കൂത്തുകളാണ് റാണി പത്മാവതിയുടെ കാര്യത്തിൽ നടന്നത്. അലറുന്ന പത്രപ്രവർത്തകനിൽ നിന്ന് ബിജെപിയുടെ കുഴലൂത്തുകാരനായി മാറിയ അർണാബ് ഗോസ്വാമി പോലും സിനിമ നല്ലതാണെന്ന് പ്രകീർത്തിച്ചിട്ടും ധ്രുവീകരണത്തിന്റെ നേതൃനിരക്കാർക്ക് മനം മാറ്റമുണ്ടായിട്ടില്ല.
വിശ്വാസത്തിന്റെ കപട ആവരണം ഉപയോഗിച്ചാണ് സെക്സി ദുർഗയും റാണി പത്മാവതിയും പ്രതിരോധിക്കപ്പെട്ടതെങ്കിൽ മെർസലിനെതിരെ ഉണ്ടായത് അതിലം അപകടകരമായ എതിർപ്പാണ്. നാം പറഞ്ഞ് പഴകി കഴിഞ്ഞ ഫാസിസം എന്ന വാക്കിന്റെ നേർ ഉദാഹരണം യഥാർതത്തിൽ മെർസലിനെതിരെയാണ് ഉണ്ടായത്. ഭരണകൂടത്തെ വിമർശിക്കുന്നതൊന്നും ഒരു കലാ സൃഷ്ടികളിലും ഉണ്ടാവരുത് എന്നത് ഏതൊരു ഫാസിസ്റ്റ് ഭരണത്തിന്റെയും മുഖ ലക്ഷണമാണ്. മെർസെലിനെതിരെ നാം കണ്ടത് അതാണ്. ഭരണകൂടമെടുക്കുന്ന നടപടികൾ എന്തു തന്നെയായാലും അവയുടെ ശരിതെറ്റുകൾ വിലയിരത്തേണ്ടത് ഭാവികാലത്തിലൂടെയും ബാലറ്റ് പേപ്പറിലൂടെയുമാണ്. പക്ഷേ, ഒരിക്കലും ഭരണകൂടത്തിന്റെ തിരുമാനങ്ങൾക്ക് വിമർശനാതീതമാകുന്ന പടച്ചട്ടകൾ അണിയാനുള്ള അവകാശമില്ല. പിന്തുണക്കപ്പെടുന്നത് പോലെ അവക്ക് വിമർശിക്കപ്പെടാനും യോഗ്യതയുണ്ട്. ഈ ജനാധിപത്യ സ്വഭാവമാണ് മെർസലിന്റെ കാര്യത്തിൽ ചോദ്യം ചെയ്യപ്പെട്ടത്. ഈ നീക്കം ജനങ്ങൾ ഏറ്റെടുത്തില്ലെങ്കിലോ എന്ന ഭയമാണ് ഭരണവർഗത്തിന്റെ പ്രതിനിധികളെ വിജയിന്റെ മതമേതണെന്ന പ്രചാരണം എറ്റെടുത്ത് നടത്താൻ പ്രേരിപ്പിച്ചത്.
ഫാസിസ്റ്റ് സംസ്കാരം ഊട്ടി ഉറപ്പിക്കുന്ന വർത്തമാന കാല ഇന്ത്യയിലെ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ആദ്യ ഘട്ടം തുടങ്ങിയിരിക്കുന്നു എന്ന് മെർസൽ ഓർമ്മിപ്പിക്കുന്നു. ആദ്യ ഘട്ടം വിജയിച്ച് കഴിഞ്ഞാൽ, സർഗാത്മകതയുടെ വായ മൂടിക്കെട്ടിക്കഴിഞ്ഞാൽ ബീബൽസിയൻ പ്രചാരണങ്ങളുടെ രണ്ടാം ഘട്ടം പുതു സിനിമകളും സാഹിത്യവുമായി അവതരിക്കപ്പട്ടു തുടങ്ങുന്ന 'ടൈംസ് നൗ' പോലുള്ള ദേശീയ മാധ്യമങ്ങൾ ചെയ്യുന്ന കുഴലൂത്തുകൾ സർഗ സൃഷ്ടികളായി വന്നു തുടങ്ങും 'ഇൻഗ്ലോറിയസ് ബാസ്റ്റർഡ്സും' 'പിയാനിസ്റ്റ്' പോലുള്ള സിനിമകൾ വരച്ചിടുന്ന അസുര കാലത്തിലേക്കുള്ള ദൂരവും കുറഞ്ഞ് തുടങ്ങും. അതിനെ പ്രതിരോധിക്കാൻ കഴിയുന്ന ഒരേ ഒരു വിഭാഗമേയുള്ളു എന്ന് ചരിത്രം എന്നും ഒർമ്മിപ്പിച്ചിട്ടുണ്ട്. യുവത, യുവചേതന, വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ ചരിത്രം നിങ്ങളെ കാത്തിരിക്കുന്നു.
ലേഖകൻ: സന്തോഷ് വാരിയർ

Comments
Post a Comment